മക്കള്:- മുഹമ്മദ് (മോനു), അലി, മുസ്തഫ (മുത്തു), ആമിന (മോളു). മരുമക്കള്:- താഹിറ മഞ്ഞിയില്, അസ്മാബി, ഷമി, യൂസുഫ്.
Wednesday, September 10, 2025
Saturday, July 19, 2025
ഹഫ്സത്ത യാത്രപറഞ്ഞു...
പ്രിയപ്പെട്ട ഹഫ്സത്ത വിടപറഞ്ഞിരിക്കുന്നു.ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്കരുത്ത് ഇത്തയുടെ സവിശേഷതയാണ്.മാസങ്ങള്ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള് ഖത്തറിലേക്ക് പുറപ്പെടും മുമ്പ് കാണാന് ചെല്ലുമ്പോള് എഴുന്നേല്ക്കാന് പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള് വായിക്കാന് കിട്ടിയ അസുലഭാവസരം എന്നായിരുന്നു അവരുടെ തമാശ.
കുശലങ്ങള് പറഞ്ഞു തമാശകള് പറഞ്ഞു കൊണ്ടിരിക്കെ സുബൈറയേയും ഹിബയേയും അന്വേഷിക്കുന്നുണ്ടായിരുന്നു.ഹമദിന്റെ പ്രതിശ്രുത വധുവിനെ ഉദ്ദേശിച്ച് മറ്റൊരു ഹിബമോള് കൂടെ നമ്മുടെ വീട്ടില് വരുമെന്നു പറഞ്ഞപ്പോള്,അതൊക്കെ ഞാനറിഞ്ഞു എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ പ്രാര്ഥനയോടെയാണ് പ്രതികരിച്ചത്.അതെ ജീവിതത്തിലെ മുഖാമുഖമുള്ള അവസാന യാത്ര പറച്ചിലായിരുന്നു അത് എന്നോര്ക്കുമ്പോള് കണ്ണുകള് നിറയുന്നു.
പാടൂരില് വിശിഷ്യാ സ്ത്രീകള്ക്കിടയില് പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില് ഹഫ്സത്താടെ ഭാഗധേയത്വം അവിസ്മരണിയമാണ്. സാന്ത്വന സേവന പാതയില് വിശ്രമമില്ലാതെ ഓടിനടക്കുന്നതില് ഒരു പരിഭവവും ഇല്ലാത്ത നിഷ്കളങ്കയായ ഇത്തയുടെ വേര്പാട് നികത്താനാകാത്ത വിധം എന്നതില് അതിശയോക്തിക്ക് ഇടമില്ല.
പാടൂര് കേന്ദ്രീകരിച്ച് നടക്കുന്ന പഠന പരമ്പരകളില് ചിലപ്പോഴെക്കെ ഈയുള്ളവന് നിയോഗിക്കപ്പെടുന്ന അവസ്ഥയില് സദസ്സിലെ മുന് നിരയില് അസീസിനെ കേള്ക്കാന് സ്ഥലം പിടിച്ചിരിക്കും.ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങും മുമ്പ് തന്നെ ഓടിവന്നു സന്തോഷം അറിയിക്കും. നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും എന്റെ നുറുങ്ങുകളും പഠനക്ലാസ്സുകളും അയച്ചു കിട്ടിയാല് താമസിയാതെ തന്നെ കേട്ട് പരമാവധി പ്രതികരിക്കും.എല്ലാം അവസാനിച്ചിരിക്കുന്നു.ഇനി പ്രസ്തുത നമ്പറില് നിന്നും ഒരു പ്രതികരണവും പ്രതീക്ഷിക്കാനില്ല.അതെ,അളക്കാനാകാത്ത പ്രതീക്ഷകളുടെ ആകാശത്തേക്ക് അവര് പറന്നു പോയിരിക്കുന്നു.
എത്രപെട്ടെന്നാണ് ജീവിതത്തിലെ തിരശ്ശീലകള് വീഴുന്നത്.ഓര്ക്കാനും പറയാനും ജീവിത സന്ദര്ഭങ്ങളും മുഹൂര്ത്തങ്ങളും നിരവധിയുണ്ട്. അനശ്വരമായ ലോകത്ത് അല്ലാഹു വാഗ്ദാനം നല്കിയ ജന്നാത്തുല് ഫിര്ദൗസില് ഉന്നതസ്ഥാനീയരുടെ കൂട്ടത്തില് ഉള്പ്പെടുത്തി ഹഫ്സത്തയെ അനുഗ്രഹിക്കട്ടെ എന്ന മനസ്സ് തൊട്ട പ്രാര്ഥനയോടെ...
-----------
അസീസ് മഞ്ഞിയില്
19.07.25
-----------
മക്കൾ: മിഖ്ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.
ഓര്മയില് സൂക്ഷിക്കാന്
Friday, July 11, 2025
അബ്ദുല് മതീന് യാത്രയായി
ഹമദ് മഞ്ഞിയിലിന്റെ പ്രതിശ്രുത വധുവിന്റെ വാപ്പയുടെ മൂത്താപ്പയുടെ മകനാണ് പരേതന്.
ഭാര്യ: ഫൗസിയ ബീവി.മക്കൾ: ഷാബാസ് തങ്ങൾ,മുഹമ്മദ് തഫ്സീർ തങ്ങൾ.
ഖബറടക്കം ഇന്ന് ( 11 07.2025 വെള്ളിയാഴ്ച ) വൈകീട്ട് 5.30 ന്
കാരുണ്യവാനായ അല്ലാഹു പരേതന്റെ പരലോകം പ്രകാശപൂര്ണ്ണമായി അനുഗ്രഹിക്കട്ടെ.
===========
ബാല്യകാല സുഹൃത്തിനെ കുറിച്ച്
ഷിബിലി നുഅ്മാൻ ....
എൻ്റെ ബാല്യ, കൗമാരത്തിലെ ഏറ്റവും വിശിഷ്ടനായ ഒരു ആത്മ സുഹൃത്ത് കൂടി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. നാഥാ.... നിൻ്റെ ഏറ്റവും ഉന്നതീയരിൽ ഉൾപ്പെടുത്തി സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്..
ഓർത്തെടുക്കാൻ ഒരുപാടുണ്ടെങ്കിലും മനസ്സ് അതിനൊട്ടും പാകമല്ലാത്തത് കൊണ്ട് അതിന് മുതിരുന്നില്ല. പ്രവാസികൾക്ക് പ്രിയപ്പെട്ടവർ വേർപ്പെട്ട് വിട്ടകന്ന് പോകുമ്പോഴുണ്ടാവുന്ന നോവുകൾ ഒരളവ്കോൽ വെച്ചും കണക്കാക്കാൻ കഴിയില്ല ......
ഇസ്ലാമിക വിദ്യാർഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് ചിലവഴിച്ച സമയങ്ങൾ ഏറെ ഹൃദ്യവും അതിലേറെ സന്തോഷം നിറഞ്ഞതുമാണ്. പല സമയങ്ങളിലായി പല പ്രമുഖരേയും ഈ കാലയളവിൽ ഞങ്ങൾ ഒരുമിച്ച് കാണുകയും സംവദിക്കുകയും ചെയ്തതെല്ലാം ഒരു മിന്നായം പോലെ ഓർമയിലെത്തുകയാണ്. അതിൽ സരസമായി തോന്നിയത് വൈക്കം മുഹമ്മദ് ബഷീറുമായി 15 മിനുറ്റ് ചിലവഴിച്ചതാണ്. അതിൽ അബ്ദുൽ മതീൻ മജീദ് - സുഹറ.... യെ പറ്റി വിശദമായി ചോദിച്ചപ്പോൾ മജീദ് നീ ആയിക്കോളൂ എന്നിട്ട് സുഹറയെ കണ്ടെത്തുക എന്നായിരുന്നു ബഷീറിൻ്റെ പ്രതികരണം. ഞങ്ങളുടെ സംസാരം അതോടെ അവസാനിച്ചു....
ഡോ. ഷാഹിദ് ബദറിനെ (ആംഗലേയ ഭാഷ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ വാക്കുകൾ ഉർദുവായിരുന്നു സംസാരത്തിലധികവും കടന്ന് വന്നിരുന്നത്) കാണുകയും ഉർദുവിലൂടെയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് വേണ്ടത്ര വേഗത ഇല്ലാതായപ്പോൾ പ്രവാസ ലോകത്ത് നിന്നും കിട്ടിയ തീരെ അലകും പിടിയുമില്ലാത്ത ഉർദുവിലൂടെ ഞാനും അവർക്കിടയിൽ എത്തുകയും ഒരു പരിധിവരെ അർഥം പറഞ്ഞ് കൊടുത്തതും ഞാനിന്നോർത്ത് പോകുന്നു.
പി കോയ സാഹിബ്..... വളരെ ഗൗരവത്തോടെ സംസാരിച്ച് തുടങ്ങുന്ന അദ്ദേഹത്തോട് വളരെ ആവേശത്തോടെയും സരസമായും ഒരു പാട് കാര്യങ്ങൾ ചോദിക്കുകയും തർക്കിക്കുകയും പ്രസ്ഥാന പ്രവർത്തനങ്ങൾക്കൊന്നും "ഒരിന്നത് " ഇല്ലായെന്ന് പറഞ്ഞപ്പോൾ തേജസിനോടൊപ്പം ചേർന്ന് നിൽക്കുവാൻ പറഞ്ഞിട്ടാണ് ആ സംഭാഷണം അവസാനിപ്പിച്ചത്. ഒരിക്കൽ എനിക്ക് കുറേ സംശയങ്ങളും ചോദ്യങ്ങളും മർഹൂം സിദ്ധീഖ് ഹസ്സൻ സാഹിബിനോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞതിനാൽ ഒന്ന് രണ്ട് തവണ കാണാൻ ശ്രമിക്കുകയും എന്തുകൊണ്ടോ അത് നടക്കാതെ പോവുകയുമാണുണ്ടായത്. (ഇത്തരം കാര്യങ്ങൾ ഈ സമയത്ത് അയവിറക്കാൻ കാരണം ഞങ്ങൾക്കിടയിൽ ഒരു കരാറുണ്ടായിരുന്നു. ഞങ്ങളിൽ ആരെങ്കിലും ഒരാൾ മരിച്ചെങ്കിൽ മാത്രമേ മൂന്നാമതൊരാൾ അറിയേണ്ടതുള്ളൂ... ഒരു അമാനത്തായി എടുക്കണമെന്ന് പരസ്പരം പറഞ്ഞുറപ്പിച്ചിരുന്നു)
ബാല്യകാലത്തുള്ള കളികൾ പലതും ഓർമയിൽ തന്നെ നിൽക്കട്ടേയെന്നാണ് ഇപ്പോൾ വിചാരിക്കുന്നത്. ആവശ്യം വന്നാൽ പിന്നീട് ആവാം.... ഇൻ ഷാ അല്ലാഹ് ......
ബന്ധങ്ങൾക്ക് ഏറെ വില കൽപിച്ചിരുന്ന ഒരുന്നത വ്യക്തിത്വത്തിന്നുടമയായിരുന്നു. 80-90-കളിൽ പരിസരത്തെ ആളുകൾക്ക് എസ്.എസ്.എല്.സി ക്ക് കിട്ടിയ മാർക്കുകൾ മുഴുവനും അബ്ദുൽ മതീൻ്റെ കയ്യിലുണ്ടായിരുന്നു.
ഇനിയും എഴുതുവാൻ ഒരു പാടുണ്ടെങ്കിലും തൽക്കാലം .... കുത്തിടുന്നു....
നാഥാ നീ സ്വർഗ്ഗം കൊണ്ടനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ..... അല്ലാഹ് .......
ഷിബിലി നുഅ്മാൻ ....
=============
Monday, June 23, 2025
ജൂണ് 23
ജൂണ് 23 വൈകുന്നേരം ഖത്തര് വ്യോമപാത താല്ക്കാലികമായി അടക്കുന്നു എന്ന വാര്ത്ത.ഒപ്പം ഇന്ത്യയടക്കമുള്ള വിദേശ എമ്പസികളുടെ ജാഗ്രതാനിര്ദേശം.സുഖകരമല്ലാത്തത് എന്തൊക്കെയൊ സംഭവിക്കാന് പോകുന്നതിന്റെ സൂചന.പ്രാദേശിക കൂട്ടായ്മയുടെ തീരുമാനിക്കപ്പെട്ട പ്രവര്ത്തക സമിതി മാറ്റിവെക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില് യഥാസമയം സിറ്റിയില് എത്തി.
വാഹനത്തില് നിന്നും ഇറങ്ങുമ്പോള് ജനങ്ങള് പരിഭ്രാന്തരായി ആകാശക്കാഴ്ച കാണുകയായിരുന്നു.അഥവാ അല്ഉദൈദ് താവളം ലക്ഷ്യം വെച്ചുള്ള മിസൈലുകള് പാഞ്ഞെത്തുന്നതും നിര്വിര്യമാക്കപ്പെടുന്നതും കണ്ടും പകര്ത്തിയും നില്ക്കുന്ന കാഴ്ചയില് ഞാനും പങ്കുചേര്ന്നു. ആദ്യമാദ്യം പരിഭാന്തിയായിരുന്നുവെങ്കിലും പിന്നീട് ആസ്വാദ്യകരമായ ആകാശക്കാഴ്ചയയായി പരിണമിച്ചതു പോലെ തോന്നി.തുരുതുരെ തൊടുത്തുവിട്ട മിസൈലുകള് ഒന്നൊഴികെ എല്ലാം നിര്വീര്യമാക്കാന് കഴിഞ്ഞു എന്ന വാര്ത്ത താമസിയാതെ കേള്ക്കാന് കഴിഞ്ഞു.
യഥാസമയം ഖത്തറിന്റെ വ്യോമ പാത അടക്കാന് കഴിഞ്ഞതുകൊണ്ടും ഒന്നൊഴികെ എല്ലാം നിര്വീര്യമാക്കാന് സാധിച്ചതുകൊണ്ടും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു എന്നു സാരം.വലിയ പ്രഹര ശേഷിയുള്ള മിസൈലുകള് നിര്വീര്യമാക്കുന്നതിന്റെയും നിലത്ത് പതിച്ചതിന്റെയും ശബ്ദം ദോഹ നഗരത്തില് ഒരുവിധം എല്ലായിടത്തും കേള്ക്കാന് കഴിഞ്ഞിരുന്നു. ആകാശക്കാഴ്ച ഖത്തറില് എല്ലായിടത്തും ദര്ശിക്കാനും സാധിച്ചിരുന്നുവത്രെ.
Sunday, May 25, 2025
യാത്രാമൊഴി ...
നിങ്ങളുടെ ഈ വിനീതനായ ഞാൻ അല്ലാഹുവിനാൽ ക്ഷണിക്കപ്പെട്ട അതിഥിയായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ്.
മുത്ത് റസൂലിന്റെ റൗളാ ശരീഫും ജന്നത്തുൽ ബഖിഅയും ബദറിന്റെ രണഭൂമിയും ഉഹ്ദിന്റെ മലമടക്കുകളും ഖുബാമസ്ജിദും എല്ലാമെല്ലാം കൺകുളിർക്കെ കാണാനുള്ള ആർത്തിയോടെ.....
ഞാൻ പുറപ്പെടുകയാണ്.
ഇൻശാഅല്ലാഹ്... ഈ മാസം 30 നാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനയാത്ര.പ്രാർത്ഥനയിലുണ്ടവണേ.....
എന്റെ ഇടപെടലുകളിൽ ഇടപാടുകളില് അരോചകമായി വല്ലതും വന്ന് പോയിയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ടു തരണേ.
സ്നേഹ ബാഷ്പങ്ങളോടെ
നിങ്ങളുടെ
അബ്ദുറഹ്മാൻ,
കേലാണ്ടത്ത്.
99618 99185
22-05-25
=============
സലാം.....
ഞാൻ തിരിച്ചു വരികയാണ്. നിങ്ങളോടെല്ലാം അന്ന് യാത്ര പറഞ്ഞല്ലേ പോന്നത്.എന്റെ ആത്മാവിനെ നേരിൽ കാണാനായി ഇവിടേക്ക് പോന്നതായിരുന്നു. 4000 സംവത്സരങ്ങളുടെ തരംഗ ദൈർഘ്യമുള്ള ഒരു വിളിപ്പുറത്തായിരുന്നു ആ പുറപ്പെടൽ. അതോടെ ഞാനെന്റെ വേരുകൾ തേടുകയായിരുന്നു.എന്റെ പൈതൃകം ഇബ്രാഹീമീ കുടുംബത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
കഅബാ മന്ദിരം എന്നെ വരവേറ്റു. മത്താഫിന്റെ പ്രതലം എനിക്ക് മസ്തിഷ്കം വരെ കുളിരേകി.സംസം എന്റെ ധമനികളിൽ നിർവൃതികളോടെ ഒഴുകികൊണ്ടേയിരുന്നു. സഫാ മർവക്കിടയിലെ പ്രയാണം എന്നെ ചരിത്രത്തിന്റെ നാൾ വഴികളിലേക്കാനയിച്ചു.171 രാഷ്ട്രങ്ങളിൽ നിന്നായി പ്രവഹിച്ച ജനസാഗരത്തിൽ ഞാനും ഒരു തുള്ളിയായി ലയിച്ചു. ഇരു ഹറമുകളിലും എനിക്കെന്റെ നെറ്റിത്തടം പതിച്ചു വെക്കാനായി.
ചരിത്രം ഉറങ്ങുകയല്ല എഴുന്നേറ്റിരിക്കുന്ന ഓരോ കേന്ദ്രങ്ങളിലും നടന്നു നടന്നു കരഞ്ഞു. ഇടനെഞ്ചു പിടഞ്ഞു കൊണ്ടുള്ള ഹാജറ ബീവിയുടെ നെട്ടോട്ടം എന്റെ ആന്തരാത്മാവിനെ വിയർപ്പിൽ നനയിച്ചു.
ഓ, അത്ഭുതം തന്നെ !
വ്യത്യസ്ത രൂപഭാവങ്ങളുള്ള, വ്യത്യസ്ത സംസ്കാരങ്ങളുള്ള വിഭിന്നങ്ങളായ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യങ്ങളുടെ വേഷങ്ങളണിഞ്ഞ ജനലക്ഷങ്ങളുടെ കണ്ണുകളിലെ നോവും വേവും ആശയും പ്രതീക്ഷയും നേരിട്ട് കാണാനായി.സർവ്വോപരി എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയ ആതിഥേയനായ അള്ളാഹു മാന്യമായി തന്നെ എന്നെ സൽകരിച്ചു. ആ പുളകത്തിൽ കൃതജ്ഞതയാലെന്റെ കൺ തടം നിറഞ്ഞൊഴുകി.
വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും അനുഭവത്തിന്റെ തീവ്രത ആർക്കും പ്രതിഫലിപ്പിക്കാൻ കഴിയില്ല.നിങ്ങൾ വന്നനുഭവിക്കുക തന്നെ വേണമെന്നെ ഉണർത്താനുള്ളൂ.അത് പോലെ മക്കയുടെ ഭക്തി സാന്ദ്രതയും മദീനയുടെ ആത്മീയ സൗന്ദര്യവും ഒരു പേന കൊണ്ടും എഴുതി തീർക്കാവുന്നതല്ല കൂട്ടുകാരെ. നിങ്ങൾ വേഗം വസ്ത്രം മാറ്റുക. ഈ മണ്ണിനെ ചുംബിക്കാൻ നിങ്ങളുടെ യവ്വനത്തിൽ തന്നെ പാഞ്ഞെത്തുക.ഞാൻ എന്തൊന്ന് ഇവിടുന്നു പൊറുക്കി എടുത്തുവോ അവയുടെ കാലുറപ്പിനായി ഇനിയും നിങ്ങൾ പ്രാർത്ഥിക്കുക. നന്മ നേർന്നു കൊണ്ട്....
അബ്ദുറഹ്മാൻ, പാടൂർ.
===========
10.07.2025
Wednesday, May 14, 2025
സഹല യാസ്മിന് ഷൗകത്ത് വിജയത്തിളക്കത്തില്
Saturday, May 10, 2025
ഒരു സന്തോഷ വര്ത്തമാനം
============
മഞ്ഞിയില്
Monday, March 31, 2025
കേവലമൊരു പെരുന്നാളല്ല.
01.04.2025
Thursday, January 30, 2025
സാബിറ ..
Wednesday, January 22, 2025
സന്തോഷ വര്ത്തമാനം
-----------------
കൂട്ടുകാരികളായ ഇര്ഫാനയും ഹിബ ഷിബിലിയും തമ്മിലുള്ള സ്നേഹാന്വേഷണം മകന് ഹമദിനുള്ള ഇണയെ കണ്ടെത്തുന്നതിലേക്ക് യാദൃശ്ചികമായി വഴി തുറന്നപ്പോള് ഹിബയുടെ പിതാവ് ഷിബിലിയും ഞാനും വിശേഷങ്ങള് പ്രാധാന്യത്തോടെ പങ്കുവെച്ചു.
19 ഡിസംബര് 2024 ന് രാവിലെ ഞങ്ങള് മുല്ലശ്ശേരിയിലെ വസതിയില് വെച്ച് പരസ്പരം പ്രാഥമികമായി ചര്ച്ച ചെയ്തു.അല്ജാമിഅ ഇസ്ലാമിയ്യയില് ഉസൂലുദ്ദീന് വിദ്യാര്ഥിനിയാണ് ഹിബ ഷിബിലി.പഠന സൗകര്യാര്ഥം ശാന്തപുരത്താണ് താല്കാലികമായി താമസിക്കുന്നത്.ഡിസംബര് 26 ന് ഞങ്ങള് ശാന്തപുരത്തെ വീട്ടില് പോയി.മക്കള് പരസ്പരം കണ്ടു.മക്കളുടെ അനുകൂലമായ പ്രതികരണങ്ങളില് അല്ലാഹുവിനെ സ്തുതിച്ചു.
19 ജനുവരി 2025
ഞങ്ങള് കുടുംബ സമേതം അഞ്ചങ്ങാടി ബുഖാറയില് പോയി.സ്നേഹ സമ്പന്നരായ റഫീഖ് സഹോദരന്മാരുടെ വീട് സന്ദര്ശിച്ചു.എന്റെ സഹോദരിമാരില് നിന്നും രണ്ട് പേരും ജേഷ്ഠ സഹോദരന്റെ മൂത്തമകളും കുടുംബവും ഹമദിന്റെ മാമയും മാമിമാരും കുഞ്ഞുമ്മയും കുഞ്ഞുപ്പയും കൂടെയുണ്ടായിരുന്നു.വൈകീട്ട് 5 മണിക്ക് ശേഷമാണ് ഞങ്ങള് ബുഖാറയില് എത്തിയത്.എല്ലാം പരിചിതമുഖങ്ങളായിരുന്നില്ലെങ്കിലും അങ്ങനെയാണ് അനുഭവപ്പെട്ടത്.ബന്ധുക്കളും പ്രിയപ്പെട്ടവരുമായി കുറച്ചു സമയം സൗഹൃദം പങ്കിട്ടു.പരസ്പരം പരിചയപ്പെട്ടു.പ്രിയ സഹോദരങ്ങളുടെ വന്ദ്യവയോധികയായ ഉമ്മ ഏറെ സന്തോഷവതിയായിരുന്നു.ഞാനും മോനും ചാരത്തിരിക്കെ അവര് മനസ്സ് തുറന്നു പ്രാര്ഥിച്ചു.
വായന ഇഷ്ടപ്പെടുന്ന ഹിബമോള്ക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ അടക്കം പുസ്തകങ്ങള് സമ്മാനമായി നല്കി.എല്ലാവരും ഒരുമിച്ചിരുന്ന് ചായസത്കാരം ആസ്വദിച്ചു കൊണ്ടിരിക്കെ മഗ്രിബ് അദാന് കേള്ക്കുന്നുണ്ടായിരുന്നു.ബുഖാറപള്ളിയില് പോയി നിസ്ക്കരിച്ചു.പള്ളിയില് വെച്ചും പ്രിയപ്പെട്ട ഹുസൈന് തങ്ങളേയും മറ്റുപലരേയും കണ്ടു സന്തോഷം പങ്കിട്ടു.
റഫീഖ് കുടുംബത്തിലെ കുട്ടികളും കൗമാരക്കാരും യുവാക്കളും എല്ലാം പ്രകൃതിരമണീയമായ ബുഖാറ പരിസരത്ത് നില്ക്കുമ്പോള് മൊബൈലുകള് മിന്നിക്കൊണ്ടിരുന്നു.ഖത്തറില് നിന്നും റഫീഖ് തങ്ങളും ഷിബിലിയും ടലഫോണിലൂടെ സ്നേഹാന്വേഷണങ്ങള് നടത്തി തങ്ങളുടെ ആത്മീയ സാന്നിധ്യം രേഖപ്പെടുത്തി.
ഹിബമോളുടെ പഠനത്തിന് പ്രയാസമില്ലാത്ത നാളും തിയ്യതിയുമൊക്കെ പരസ്പരം കൂടിയാലോചിച്ച് വിവാഹം നിശ്ചയിക്കണമെന്നാണ് രണ്ട് കുടുംബങ്ങളും കരുതുന്നത്.
-----------
28.01.2025
ദോഹയിലെത്തിയ ശേഷം പുതിയ ബന്ധുക്കാര് കാണാന് വന്നിരുന്നു.ഷിബിലി തങ്ങളുടെ കാരണവരും കുടുംബക്കാരും ഖത്തറില് ഉണ്ട്.അവരുടെ വളരെ അടുത്ത ബന്ധുക്കള്ക്ക് ഹമദിനെ പരിചയപ്പെടുത്താന് കഴിഞ്ഞ ദിവസം ഷിബിലിയുടെ മൂത്ത ജേഷ്ഠന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.
ഞങ്ങള് പോയി.എല്ലാവരുമായും പരിചയപ്പെട്ടു.കല്യാണം എപ്പോള് നടത്താമെന്നതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശാന്തപുരം കലാലയത്തിന്റെ അവധി ദിനങ്ങള് വരുന്നത് നോമ്പിനോടും ചേര്ന്നും ഒക്കെയാണ്.പക്ഷെ കുടുംബങ്ങള്ക്കും കുട്ടികള്ക്കും പങ്കെടുക്കാന് ഡിസംബര് അവസാനത്തിലായിരിക്കും കൂടുതല് നന്നാവുക എന്ന അഭിപ്രായത്തിലാണ് ഒടുവില് എത്തിയത്.കല്യാണം പ്രമാണിച്ച് ഹിബമോള്ക്ക് ഒന്നു രണ്ട് ആഴ്ച പ്രത്യേക അവധി ആവശ്യപ്പെട്ടാല് അനുവദിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
വിവാഹം സംയുക്തമായി രണ്ട് കുടുംബങ്ങള്ക്കും സൗകര്യമുള്ള പരിസരത്തെ കല്യാണ ഹാളുകള് ആകാം എന്നും അഭിപ്രായമുണ്ട്.
ഡിസംബറില് കോളേജ് പ്രത്യേക അവധി അനുവദിക്കുന്ന പക്ഷം അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല് ഹാളിന്റെ ലഭ്യതയനുസരിച്ച് ഡിസംബര് അവസാനത്തില് വിവാഹം നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
സകലവിധ നിരര്ഥക വര്ത്തമാനങ്ങള്ക്കും അപ്പുറം ഇസ്ലാമിനെ അതിന്റെ പൂര്ണ്ണ സൗന്ദര്യത്തോടെ - തനിമയോടെ കാണാന് ആഗ്രഹിക്കുന്ന കുടുംബങ്ങള് തമ്മിലുള്ള ബന്ധം എന്നതാണ് ഇതിലെ യാഥാര്ഥ്യം എന്ന് സൂചിപ്പിച്ചു കൊണ്ടും പ്രാര്ഥിച്ചു കൊണ്ടുമാണ് പിരിഞ്ഞത്.
സദുദ്ദേശപരമായ കാര്യങ്ങള് ഏറ്റവും നല്ലനിലയില് സര്വലോക പരിപാലകനായ നാഥന് സാക്ഷാത്കരിച്ച് തരുമാറാകട്ടെ...
==========
മഞ്ഞിയില്
Monday, December 30, 2024
പൊള്ളുന്നവാക്കുകള്
ഫാത്തിമ ഹിബയുടെ 2015ല് പ്രകാശനം ചെയ്യപ്പെട്ട കവിതാ സമാഹാരമാണ് വാക്ക്.കഴിഞ്ഞ ദിവസം ഈ കവിതകളിലൂടെ സഞ്ചരിച്ചപ്പോള് വായിക്കാന് വൈകിപ്പോയതില് ഖേദം തോന്നി.
ഉറുദു കവിയായ ഇഫ്തികാര് ആരിഫിന്റെ മുകാലമ എന്ന കവിതയില് കനം തൂങ്ങി നില്ക്കുന്ന ചിലവരികളിലെ അര്ഥതലങ്ങള് ഓര്ത്തുപോയി.ഓരോ ശിലയിലും അഗ്നി നിറച്ച,അഗ്നിക്ക് നിറം കൊടുത്ത,അണുവിന് ശബ്ദവും ശബ്ദത്തിന് വാക്കും വാക്കിന് ജീവനും നല്കിയവന് എന്നാണ് അതിലെ ആശയം. അഥവാ സര്ഗാത്മകമായി പ്രപഞ്ച നാഥനെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ അക്ഷര ലോകം.
മനുഷ്യന് ആശയവിനിമയം നടത്തി കൊണ്ടിരിക്കുന്ന വാക്കുകളുടെ ആഴങ്ങളിലേക്കും അതിലെ വിസ്മയലോകത്തേക്കും കവി അനുവാചകനെ നയിക്കുകയാണ്.
ഹിബയുടെ കവിതാസമാഹാരത്തിന്റെ പേര് പോലും വാക്ക് എന്നാണ്.അവതാരികയില് സൂചിപ്പിക്കപ്പെട്ടതുപോലെ,ഹിബ എഴുതുമ്പോള് ഭാവനക്ക് ചിറക്വെക്കുകയല്ല.യാഥാര്ഥ്യത്തിന് മൂര്ച്ച കൂടുകയാണ്. വേദനകൊണ്ട് പുളയുന്ന പച്ചമനുഷ്യരുടെ നോവും വേവും സ്വമേധയാ ഏറ്റുവാങ്ങുന്ന നിഷ്കളങ്കരായ കവികളുടെ മുന് നിരയില് ഈ ബാലിക മൂര്ച്ചയുള്ള വാക്കുകള്കൊണ്ട് പ്രതികരിക്കുന്നതായി അനുഭവപ്പെടുന്നു.
കവിയുടെ സ്വപ്നങ്ങള്,പ്രതീക്ഷകള് സങ്കടങ്ങള് എല്ലാം മിഴിവാര്ന്ന വാക്കുകളിലൂടെ പ്രസരിപ്പിക്കുന്നുണ്ട്.ഹൃദയവികാരങ്ങള് നോവുകളായി പുറത്ത് വരുന്നതാണ് കവിത എന്ന വരിയിലുണ്ട് കാവ്യലോകത്തിന്റെ സകല സൗന്ദര്യവും.വാക്കിന്റെ ശക്തിക്ക് മുന്നില് വാള്മുനകള് ഒടിയുന്നു എന്ന പ്രയോഗം മാത്രം മതിയാകും ഈ പ്രതിഭയുടെ അക്ഷരധ്വനികളുടെ മാസ്മരികലോകം തിരിച്ചറിയാന്.
വാക്ക് എന്നകവിതയില് നിന്നും തുടങ്ങി ഐലന് എന്ന കവിതയോടെ സമാപിക്കുന്ന ഈ കൊച്ചു സമാഹാരം വായനക്കാരോട് തുറന്നു പറയുന്ന പൊള്ളുന്ന വാക്കുകള് നിമിഷം പ്രതി ജ്വലിച്ചു കൊണ്ടിരിക്കുകയും ഇത് അണയാതിരിക്കാന് കൊതിച്ചു പോകുകയും ചെയ്യും.
ഗസ്സയിലൂടെ പറഞ്ഞ് വെക്കുന്ന വാക്കുകൾ, കണ്ണടയിലൂടെ കാണുന്ന കാഴ്ചകൾ, ഐലനിലൂടെ ലോകത്തെ നോക്കിക്കാണുന്ന കുഞ്ഞു ഹൃദയം ഏറെ വിസ്മയാവഹം തന്നെ....!
ഫാത്തിമ ഹിബ ഷിബിലി നുഅ്മാന് എന്നാണ് ഈ കവയത്രിയുടെ പൂര്ണ്ണനാമം.ഇപ്പോള് ശാന്തപുരം അല്ജാമിഅയില് ഉസൂലുദ്ദീന് വിദ്യാര്ഥിനിയാണ്.
മുതിര്ന്ന ഹിബയുടെ വാക്കുകളല്ല,ബാലികയായിരുന്ന പ്രതിഭയുടെ മൂര്ച്ചയുള്ള വാക്കുകളും അതില് ചൂഴ്ന്ന് നില്ക്കുന്ന ഭാവനാലോകവും വായനക്കാരെ ആശ്ചര്യപ്പെടുത്തും.ഇന്നെനിക്ക് ആകാശത്ത് വട്ടമിട്ട് പറക്കണം എന്ന് ആശ എന്ന കവിതയിലൂടെ ധീരമായി ചുവട് വെക്കുന്ന ഹിബയുടെ സങ്കല്പങ്ങള്ക്ക് ചിറകുകള് മുളക്കട്ടെ എന്നാണ് പ്രാര്ഥന.
മഞ്ഞിയില്
Friday, December 27, 2024
ശൈത്യകാല വിശേഷങ്ങള്...
നിമിഷങ്ങള്ക്കുള്ളില് ആംബുലന്സ് എത്തി.നാട്ടുകാരുടെ സാഹയത്താല് ആംബുലന്സില് കയറ്റി.കാലിലെ എല്ലിന് സാരമായ പരിക്കുള്ളതിനാല് എത്രയും പെട്ടെന്ന് ആശുപത്രിയില് എത്തിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് ഹയാത്ത് ആശുപത്രിയില് പ്രവേശിപ്പിച്ചു.ഷമീര് മോന്റെ പ്രാഥമിക പരിചരണങ്ങള്ക്ക് ശേഷമാണ് എന്റെ കാലിലെ പരിക്കും മുറിവും ശ്രദ്ദയില് പെട്ടത്.ഷമീറിനെ ശസ്ത്രകിയക്ക് വിധേയനാക്കാനുള്ള ഒരുക്കങ്ങള്ക്കിടെ ബന്ധുക്കളെ വിവരമറിയിച്ചു.താമസിയാതെ എല്ലാവരും എത്തി.
എനിക്കുള്ള പരിചരണങ്ങള് നടന്നു കൊണ്ടിരിക്കുമ്പോള് തന്നെ ഹമദിനോട് നാട്ടില് വരാന് നിര്ദേശം കൊടുത്തു.അവധികഴിഞ്ഞ് ബാംഗ്ളൂരില് തിരിച്ചെത്തിയ അന്സാര് ഉടനെ നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു.
മൂന്നോ നാലോ ദിവസങ്ങള്ക്ക് ശേഷം ഡിസ്ചാര്ജ് ചെയ്ത് വീട്ടില് തിരിച്ചെത്തി.വിശ്രമം തുടര്ന്നു.ഇപ്പോള് സുഖം പ്രാപിച്ചു വരുന്നു.
---------------
ഇതിന്നിടെ തികച്ചും അവിചാരിതമായി മകന് ഹമദിന് ഒരു വിവാഹാന്വേഷണം. പെരുമ്പിലാവ് അന്സാര് കേമ്പില് വെച്ച് ഇര്ഫാനയും ഹിബ ഷിബിലിയും തമ്മിലുള്ള സ്നേഹാന്വേഷണത്തിലൂടെ വളര്ന്നു വന്നു.താമസിയാതെ ഹിബയുടെ പിതാവ് ബുഖാറയില് ഷിബിലിയും ഞാനും കാര്യങ്ങള് പങ്കുവെച്ചു. ഡിസംബര് 19 ന് രാവിലെ ഞങ്ങള് മുല്ലശ്ശേരിയിലെ വസതിയില് വെച്ച് പരസ്പരം പ്രാഥമികമായി ചര്ച്ച ചെയ്തു.അന്ന് വൈകീട്ട് അദ്ദേഹം ദോഹക്ക് പോയി.
ശാന്തപുരം അല്ജാമിഅ ഇസ്ലാമിയ്യയില് ഉസൂലുദ്ദീന് വിദ്യാര്ഥിനിയാണ് ഹിബ ഷിബിലി.പഠന സൗകര്യാര്ഥം ഉമ്മയും മകളും ശാന്തപുരത്താണ് താല്കാലികമായി താമസിക്കുന്നത്.
ഡിസംബര് 26 ന് ഞങ്ങള് ശാന്തപുരത്തെ വീട്ടില് പോയി.മക്കള് പരസ്പരം കണ്ടു.മക്കളുടെ അനുകൂലമായ പ്രതികരണങ്ങളിലുള്ള സന്തോഷത്തിലാണ് ഇരു കുടുംബവും.ശൈത്യകാല നൊമ്പരങ്ങളില് മലരുകള് ഉണരുന്നത് പോലെ...
===============
മഞ്ഞിയില്
Monday, December 16, 2024
ഒരു അധ്യായത്തിന് പരിസമാപ്തി
-----------------
മേനോത്തകായിലെ തലമുതിര്ന്ന കാരണവര് മുഈനുദ്ദീന് വൈദ്യരുടെ ഭൗതിക ശരീരം തൊയക്കാവ് മഹല്ല് ഖബര്സ്ഥാനിലെ കുടുംബാംഗങ്ങളുടെ ഖബറുകള്ക്കരികില് ഖബറടക്കി.കുറച്ച് നാളായി വാര്ദ്ധക്യ സഹജമായ കാരണത്താല് രോഗശയ്യയിലായിരുന്നു. ഒരാഴ്ചയിലധികമായി ആരോഗ്യനില തൃപ്തികരമായിരുന്നില്ല.
രണ്ട് ദിവസം മുമ്പ് വൈദ്യരെ സന്ദര്ശിച്ചിരുന്നു.ആഹാരാധികാര്യങ്ങളില് വിരക്തി പ്രകടിപ്പിക്കുന്നുണ്ട് എന്നതൊഴിച്ചാല് മറ്റു പ്രശ്നങ്ങള് ഒന്നും ഇല്ല എന്ന് കൂടെയുള്ളവര് പറയുന്നുണ്ടായിരുന്നു.എന്നാല് മുഖഭാവങ്ങളില് നിന്നും കാര്യങ്ങള് അതിലും അപ്പുറമാണെന്ന് മനസ്സിലാക്കാന് സാധിച്ചിരുന്നു എന്നതാണ് വാസ്തവം.അതുകൊണ്ട് തന്നെ കാര്യത്തിന്റെ ഗൗരവം ബന്ധപ്പെട്ടവരെ ഉണര്ത്തുകയും ചെയ്തു.
ഡിസംബര് 15 ന് മധ്യാഹ്നത്തിനു ശേഷം,മരണാസന്നനാണെന്ന ബോധ്യത്തിലായിരിക്കണം ബന്ധുക്കളെ പലരേയും കാണാന് വൈദ്യര് ആഗ്രഹം പ്രകടിപ്പിച്ചു.വിവരമറിഞ്ഞെത്തിയവരില് കൊച്ചയമു മുസ്ല്യാരും ഉണ്ടായിരുന്നു.അദ്ദേഹം അടുത്തിരുന്ന് ഖുര്ആന് പാരായണം ചെയ്ത് കേള്പ്പിച്ചു കൊണ്ടേയിരുന്നു.ചുരുക്കത്തില് അന്ത്യാത്രയുടെ അവസാന നിമിഷങ്ങള്ക്ക് ബന്ധുമിത്രാധികള് എല്ലാവരും സാക്ഷിയായി.ഏകദേശം 2 മണിയോടെ വൈദ്യരുടെ ആത്മാവ് അല്ലാഹുവിലേക്ക് അനുഗ്രഹത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ പറന്നുയര്ന്നു.
ഏര്ച്ചം വീട്ടിലെ പാരമ്പര്യ ആയുര്വേദ കുടുംബത്തില് പഴയ തലമുറയിലെ വൈദ്യന്മാര് ഇനിയാരും ജീവിച്ചിരിപ്പില്ല.സംഭവബഹുലമായ ഒരു അധ്യായം ഇവിടെ പരിസമാപ്തി കുറിച്ചിരിക്കുന്നു.പുതിയ തലമുറയിലുള്ളവര് പ്രതിജ്ഞാ ബദ്ധതയോടെ പുതിയ അധ്യായത്തിലെ താളുകള് ക്രിയാത്മകമായി സര്ഗാത്മകമായി രചിച്ചു തുടങ്ങണം.അല്ലാഹു അനുഗ്രഹിക്കട്ടെ.
==========
രാവിലെ 10.30 ന് ഏറെ ഉറ്റവരുടെ സൗകര്യാര്ഥം വീടിനകത്ത് വെച്ച് വൈദ്യരുടെ മകന് അബ്ദുല് ഹഫീദിന്റെ നേതൃത്വത്തില് പ്രാര്ഥനയും ജനാസ നിസ്ക്കാരവും നടന്നു.വീട്ടുമുറ്റത്ത് വെച്ച് നടന്ന പ്രാര്ഥനക്ക് കൊച്ചയമു മുസ്ലിയാരും,തൊയക്കാവ് പള്ളിയില് വെച്ച് നടന്ന നിസ്ക്കാരത്തിന് മേച്ചേരിപ്പടി ഉസ്താദും നേതൃത്വം നല്കി.മധ്യാഹ്നത്തിനു മുമ്പ് ഖബറടക്കം കഴിഞ്ഞു.
ഖബറടക്കം കഴിഞ്ഞ് തിരിച്ചു പോരുമ്പോള് മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു.എഴുപതുകളില് പുവ്വത്തൂരിലെ പഴയ പോസ്റ്റോഫീസിനോട് ചേര്ന്ന് നിന്നിരുന്ന ഓട്മേഞ്ഞ കെട്ടിടത്തിലെ ഒരു മുറിയില് വൈദ്യരുടെ ചികിത്സാ കേന്ദ്രമുണ്ടായിരുന്നു.കൂടാതെ കെ.ജി.എസ് ബുക്ക് സ്റ്റാള്,വാച്ച് റിപ്പയര്,മരുന്ന് കട ഒക്കെയായിരുന്നു പ്രസ്തുത കെട്ടിടത്തില് ഉണ്ടായിരുന്നത്.വാസ്മ,രാഗം തിയറ്റേഴ്സ്,വനിതാ ടൈലറിങ് തുടങ്ങിയവയായിരുന്നു മുകളിലെ നിലയില്.ആഴ്ചയിലെ നിശ്ചിത ദിവസത്തെ കേമ്പ് വിവരങ്ങള് എഴുതിയ നോട്ടീസ് ബോര്ഡ് പുറത്ത് ചുമരില് തൂക്കിയിട്ടിരുന്നു.
പുവ്വത്തൂര് സെന്റ്ആന്റണീസില് പഠിച്ചു കൊണ്ടിരുന്ന കാലം.ഇടവേള സമയത്ത് പുറത്തിറങ്ങിയാല് വൈദ്യരുടെ ചികിത്സാ കേമ്പുള്ള ദിവസങ്ങളില് ഇക്കാനെ കാണാന് ചെല്ലും.ഞെളിഞ്ഞും പിരിഞ്ഞുമൊക്കെ കുറച്ച് നേരം അവിടെ നില്ക്കും.കുശലന്വേഷണങ്ങള് നടത്തി കൊണ്ടിരിക്കെ മേശ വലിപ്പ് തുറന്ന് അതില് ചുരുണ്ട് കിടക്കുന്ന ഒരു രൂപയൊ രണ്ട് രൂപയൊ എടുത്ത് തരും.വേണ്ട എന്ന് നിരസിച്ചു കൊണ്ട് തന്നെ കാശ് വാങ്ങി പോക്കറ്റിലിട്ട് തിരിച്ചു പോരും.ഒപ്പം ഇക്കയും കസേരയില് നിന്നും എഴുന്നേല്ക്കും.ഞാന് റോഡ് മുറിച്ചു കടക്കുന്നത് വരെ നോക്കി നില്ക്കും.
---------------
പഠനകാലത്തും പഠനാനന്തരവും പ്രവാസകാലത്തും ഒക്കെയുള്ള ഓര്മ്മകള്ക്ക് അറ്റമില്ല.
ഇടക്കൊക്കെ മേനോത്തകായില് സന്ദര്ശിക്കുകയും വീട്ട് വര്ത്തമാനങ്ങള് പങ്കു വെക്കുന്നതും വളരെ ഇഷ്ടമാണ്.ചിലപ്പോളൊക്കെ എന്നെ കാണണമെന്ന് പ്രത്യേകം ആഗ്രഹം പ്രകടിപ്പിക്കാറും ഉണ്ട്.മിനമോളെയും ഹിബമോളെയും വലിയ ഇഷ്ടമാണ്.ഒരാളെയെങ്കിലും വൈദ്യം പഠിപ്പിക്കണമെന്നൊക്കെ പറയാറുണ്ട്.ഒരിക്കല് ഹിബമോളുടെ മക്കളുമായി ചെന്ന് കുറേ നേരം മക്കളുമായി കളിച്ചും ചിരിച്ചുമൊക്കെ സമയം ചിലവഴിച്ചു.
കഴിഞ്ഞ ജൂണില് സാഹിത്യ അക്കാദമിയില് വെച്ച് പ്രകാശനം ചെയ്യപ്പെട്ട മഞ്ഞുതുള്ളികള് എന്ന എന്റെ കവിതാ സമാഹാര വര്ത്തമാനം ഏറെ സന്തോഷത്തോടെയാണ് കേട്ടിരുന്നത്.
മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് സന്ദര്ശിച്ചപ്പോള് തീരെ അവശനായിരുന്നു.ചുമലിലൂടെ ചുറ്റിയ ഷാളിന്നടിയിലൂടെ കൈകളില് തൊട്ടപ്പോള് സാധ്യമാകുന്നത്ര കൈകള് ചേര്ത്ത് പിടിച്ച് സാവകാശമായിരുന്നു കൈവിട്ടത്.ജീവനുള്ള ഒടുവിലത്തെ സ്പര്ശനം..
ലോക രക്ഷിതാവായ നാഥാ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ പ്രവര്ത്തനങ്ങളുടെ പ്രതിഫലനം ഈ ലോകത്തും പ്രതിഫലം പരലോകത്തും നല്കി അനുഗ്രഹിച്ചരുളേണമേ...
=============
മഞ്ഞിയില്
Sunday, December 15, 2024
മുഈനുദ്ദീന് വൈദ്യര് ഓര്മയായി
===============
കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ പണ്ഡിതവര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ് മുട്ടിക്കലിനടുത്തുള്ള മേനോത്തകായില് അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്ഠമായി നില നിര്ത്തിപ്പോരുന്നതില് തൊയക്കാവ് മേനോത്തകായില് വൈദ്യ കുടുംബത്തിലെ അഞ്ചാം തലമുറക്കാര് സവിശേഷ പ്രാധാന്യം നല്കിപ്പോരുന്നു.
വൈദ്യ കുടുംബത്തിലെ കുലപതി അബ്ദുല് ഖാദര് വൈദ്യരുടെ മകന് പ്രസിദ്ധ പാരമ്പര്യ വൈദ്യന് വൈദ്യ കേസരി അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട് അനുഗ്രഹീതമാണ്. ആയുര്വേദത്തിലും സിദ്ധവൈദ്യത്തിലും ഏറെ പ്രശസ്തനായിരുന്ന പരേതനായ വൈദ്യ കേസരി ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകനാണ് മുഈനുദ്ധീന് വൈദ്യര്.
മുഈനുദ്ധീന് വൈദ്യരുടെ മകന് ഡോക്ടര് ഹഫീദ് പുതിയ തലമുറയിലെ പ്രശസ്തനും പ്രഗത്ഭനുമായ ഭിഷഗ്വരനാണ്.മുഈനുദ്ധീന് വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്, ഉസ്മാന് എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്ത്തുന്നതില് പ്രതിജ്ഞാ ബദ്ധരത്രെ.